Saturday, 13 December 2014

ബാബു ചേട്ടനെ രാവിലെ മുതല്‍ വിളിക്കുന്നതാണ് ഫോണില്‍.റിംഗ് ആവുന്നതല്ലാതെ ആരും എടുക്കുന്നില്ലലോ ?
വീട്ടില്‍ അരി കഴിയാറായി ഇനിയും രണ്ടു ദിവസം കൂടി വക്കാനുള്ള അരി ഉണ്ടാവുമായിരിക്കും ,അത് കഴിയുന്നതിനു മുന്‍പ് അരി വാങ്ങിക്കണം ,ഇല്ലെങ്കില്‍......?
ഇത്രയും നാളും പട്ടിണിയുടെ പല ദിവസങ്ങള്‍ കഴിഞ്ഞു പോയിട്ടും ,ഷാമ്പൂ വാങ്ങിക്കാന്‍ പോലും പണമില്ലാതെ ആയിട്ടും മുടി മുറിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ പോലും എടുത്തു ചിലവാക്കാതിരുന്ന ആ ചില്ലറ തുട്ടുകള്‍ ,മക്കള്‍ പോയപ്പോള്‍ പപ്പയുടെ സമ്പാദ്യമായി ഞാന്‍ അത് എടുത്തു കൊടുത്തെങ്കിലും അവര്‍ അത് കൊണ്ട് പോകാതിരുന്നത് പോലും ദൈവ നിശ്ചയമായിരുന്നു. അത് കൊടുത്തു അരി വാങ്ങി വക്കാന്‍ വേണ്ടിയാണ് അദേഹത്തെ വിളിക്കുന്നത്‌ ,അരിയും ഗ്യാസും ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ മനുവേട്ടന്‍ തന്‍റെ പ്രണയം കൊണ്ട് നിര്‍മല മാക്കിതന്ന എന്‍റെ ശരീരവും മനസ്സും കളങ്കപ്പെടുത്താതെ ഇരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു എന്ന് ദൈവത്തോട് എത്രയോ രാത്രികളില്‍ ഞാന്‍ പരാതി പറഞ്ഞു കരഞ്ഞിരിക്കുന്നു .
അതെ ദൈവം ആണ് ഇപ്പോള്‍ എന്നോട് പറയുന്നത് ,ആ പ്രണയ സമ്മാനങ്ങള്‍ തന്നെ ആവട്ടെ  നിന്‍റെ സ്വപ്നങ്ങളുടെ ആദ്യത്തെ മൂലധനം !
അതിനേക്കാള്‍ വിലയുള്ളതൊന്നും നിന്‍റെ കൈയില്‍ ഇല്ലല്ലോ ഈ അനാഥരും നിരാശരും ആയ സ്ത്രീകള്‍ക്ക് മൂന്നു നേരത്തെ അന്നം കൊടുക്കാനും കുളിക്കാനും തുണി അലക്കാനും ഉള്ള സോപ്പും പേസ്റ്റും ,എന്ന് വേണ്ടാ സകല കാര്യങ്ങളും നിര്‍വഹിക്കാനും ?
ദൈവത്തിന്‍റെ ഹിതം ..അത് മാത്രം ആയിരിക്കണം എന്‍റെ മനുവേട്ടനെ പോലും എന്നില്‍ നിന്ന് അകറ്റി കളഞ്ഞ്‌ ,ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റേയും തീക്കനല്‍ നിറച്ച് കഴിഞ്ഞ രണ്ടു വര്‍ഷകാലം എന്നെ കഷ്ടതയുടെ കര കാണാകടലില്‍ ഇട്ട് നീന്തി തുടിപ്പിച്ചത്‌. അതിനിടക്ക് ഒരിറ്റു തണല്‍ പകര്‍ന്നു തന്ന സത്യാന്വേഷിയും ,വിനയനും ,അവര്‍ പോലും എന്‍റെ ജീവിതത്തിലേക്ക് വന്നത് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ പല ദിവസങ്ങളിലും എന്‍റെ പൂജമോളോട് ചെയ്ത് തീര്‍ക്കേണ്ട കടമകള്‍ ഓര്‍ത്തു മാത്രം സ്വയം ശപിച്ചു തള്ളിനീക്കിയ ദിവസങ്ങളില്‍ ആയിരുനുവല്ലോ ?
മുഖപുസ്തകത്തിന്റെ പേജുകളില്‍ കണ്ടു മടുത്ത സ്ഥിരം മുഖം മൂടികള്‍ ആയ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായ സമീപനം കണ്ടത് കൊണ്ട് മാത്രം എന്നെ സുഹൃത്തായി തിരഞ്ഞെടുത്തവര്‍,
സത്യാന്വേഷി ,അവന്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കതയോടെ എന്നോട് സ്വന്തം ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പറഞ്ഞിരുന്നവന്‍ ,പ്രായത്തിനൊത്ത മനോ വളര്‍ച്ച ഇല്ലെന്നു തോന്നും പല സംസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ,ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ആയിരുന്നുവല്ലോ എന്നില്‍ ഒളിഞ്ഞു കിടക്കുന്ന അക്ഷര കൂട്ടുകള്‍ പെറുക്കി എടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.ആ തീരുമാനം തെറ്റായിരുന്നോ ...? തുടരും !


No comments:

Post a Comment