തുലാ മഴ പെയ്തു വെള്ളം കയറിയ മുണ്ടകന്‍ പാടത്തിന്റെ വരമ്പിലൂടെ തിടുക്ക പെട്ട് നടക്കുകയാണ് ''മണി കുട്ടി ''
രണ്ടാം ക്ലാസ് കാരിയായ ,അവളുടെ കൊച്ചു കൈകള്‍ ക്കുള്ളില്‍ കൂട്ടു കാരി സുലേഖക്ക് വേണ്ടി കരുതി വച്ച കണ്ണി മാങ്ങകളും ,ഇലഞ്ഞി പൂക്കളും ആണ് .സുലേഖ വലിയ വീട്ടിലെ കുട്ടിയാണ് ,എങ്കിലും മറ്റുള്ള കുട്ടികള്‍ തന്നോട് കാണിക്കുന്ന വേര്‍തിരി ച്ചിലുകള്‍ ഒന്നും അവള്‍ കാണിക്കാറില്ല ,അത് കൊണ്ടാണോ തനിക്കു അവളോട് ഇത്ര ഏറെ ഇഷ്ടം ?
സത്യത്തില്‍ ആളുകള്‍ തന്നെ കാണുമ്പോള്‍ അകലം കാണിക്കുന്നത് എന്തിനാണെന്ന് മണികുട്ടിക്കു അറിയില്ലായിരുന്നു . അതിനെ കുറിച്ചൊന്നും ചിന്തിച്ചു തല പുണ്ണ് ആക്കാന്‍ അവള്‍ക്ക് നേരവും ഇല്ലായിരുന്നു അവള്‍ക്കു എപ്പോളും കളി ആണ് ,തൊടിയിലെ ചെടികളില്‍ വന്നിരുന്നു ,അവളെ നോക്കി ,താളത്തില്‍ പറക്കുന്ന പൂമ്പാറ്റ കളോടു കിന്നാരം ,പറഞ്ഞും ,പൂക്കള്‍ പറിച്ചും നടക്കുമ്പോളും
അവളുടെ മനസ്സില്‍ എപ്പോളും ,സുലേഖയെ കുറിച്ചുള്ള വിചാരങ്ങളാണ് ,എത്ര സുന്തരിയാണ് അവള്‍ ?
അവള്‍ അടുത്ത് വരുമ്പോളൊക്കെ മൂക്കിലേക്ക് അടിച്ചു കേറുന്ന
ഒരു തരം കൊതിപ്പിക്കുന്ന മണമുണ്ട് , ഹോ ,,,അത് എത്ര നല്ലതാണ് .അത് എന്താണ് എന്ന് ചോദിക്കുമ്പോള്‍ അവള്‍
പറയും ,അവളുടെ അച്ഛന്‍ ദുബായില്‍ നിന്നും കൊണ്ട് വരുന്ന ''സ്നോ '' ആണ് അതെന്നും ,അവളും അമ്മയുമൊക്കെ ദിവസവും
കുളി കഴിയുമ്പോള്‍ ,ദേഹം മൊത്തം അവ തേച്ചു പിടിപ്പിക്കും എന്നും ! അത് കേള്‍ക്കുമ്പോള്‍ കൊച്ചു മണി കുട്ടിയുടെ മനസ്സില്‍ അവളുടെ അച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണരും .
ഇന്നലെയും വന്നിരുന്നു
അച്ഛന്‍ . താനും കുഞ്ഞെട്ടനും ഉറങ്ങി കഴിഞ്ഞു ,കള്ളനെ പോലെ
കൈ നിറയെ പരിപ്പ് വടകളും മിട്ടായിയും ഒക്കെ ആയി .
അച്ഛന്‍ എന്നും അങ്ങനെയാണ് ........ പാത്തും പതുങ്ങിയുമാണ് വീട്ടില്‍ വരുന്നത് ,തന്നോടും കുഞ്ഞെട്ടനോടും വലിയ സ്നേഹമാണ് ,എങ്കിലും വന്നു കുറെ നേരം കഴിയുമ്പോളേക്കും
അതും ഇതും പറഞ്ഞു വഴക്കിടുന്നതും ,അമ്മയെ പൊതിരെ തല്ലുന്നതും കാണാം ,എന്തിനെന്നരിയില്ലെങ്കിലും ,അച്ഛന്റെ
അപ്പോളത്തെ ഭാവം കണ്ടാല്‍ ,ഞാനും കുഞ്ഞെട്ടനും അടുത്തേക്ക്
പോലും പോകാതെ പരസ്പരം കെട്ടി പിടിച്ചിരുന്നു കരയും .
ഇന്നലത്തെ കൂത്തുകള്‍ കുറച്ചു അധികം നേരം നീണ്ടു നിന്നു .അടിയും ഇടിയും കഴിഞ്ഞു പടിയിറങ്ങുന്ന അച്ചനെ തടയാന്‍
വേണ്ടിയാണോ അമ്മ ,തന്നെയും ഒക്കത്തെടുത്ത് കുഞ്ഞേട്ടന്റെ
കൈയും പിടിച്ചു ,അടുത്ത പറമ്പിലെ കുള കരയിലേക്ക് പുലമ്പി കരഞ്ഞു കൊണ്ട് ഓടുന്നതിനിടയില്‍ ,ആരോടെന്നില്ലാതെ വിളിച്ചു പറയുന്നത് ,,നിന്നെ ഇന്ന് ഞാന്‍ പാഠം പടിപ്പിക്കുമെടാ
എന്റേയും കുഞ്ഞുങ്ങളുടെയു ''ശവം ''നിന്നെ കൊണ്ട് ഞാന്‍ തീറ്റിക്കും എന്ന് .ആ വാക്കുകളുടെ അര്‍ഥം ആദ്യമൊന്നും മണി കുട്ടിക്ക് അറിയില്ലായിരുന്നു ,എങ്കിലും എട്ടു വയസുള്ള തന്‍റെ
കുഞ്ഞേട്ടന്‍ അപ്പോള്‍ അമ്മയുടെ പിടിവിടുവിക്കാന്‍ ശ്രമിച്ചു കൊണ്ട് ഉറക്കെ വിളിച്ചു കരയും ,''അമ്മേ,,,വേണ്ടമ്മേ ,,,നമുക്ക് മരിക്കണ്ട ,അമ്മേ ....ബാബുട്ടന് പേടിയാ,,,അമ്മേ എന്ന്
അത് കേള്‍ക്കുമ്പോള്‍ ഒക്കത്തിരിക്കുന്ന കൊച്ചു മണികുട്ടിയും
കരയും ,ഉറക്കെ ഉറക്കെ ..........അതു കേട്ടാണോ എന്തോ പതിവുപോലെ ഇന്നലേയും അമ്മ ,അച്ഛനോടുള്ള ദേഷ്യം തീരുന്നത് വരെ ആ പാതിരാത്രിയില്‍ തങ്ങളെ രണ്ടാളെയും
മാറി മാറി അടിച്ചു . അതൊന്നും കാണാന്‍ നില്‍ക്കാതെ അച്ചന്‍
എപ്പോളെ ഇറങ്ങി പോയിരുന്നു .
''പ്ടും''
എന്തോ വെള്ളത്തിലേക്ക് ചാടിയ ശബ്ദം കേട്ടാണ് കൊച്ചു മണികുട്ടി ഞെട്ടി യത് .ഹോ ....ഒരു വലിയ തവള ,മണികുട്ടിയെകണ്ടു പേടിച്ചു വെള്ളത്തിലേക്ക് എടുത്തു ചാടിയതാണ് ,സത്യത്തില്‍ പേടിച്ചത് മണികുട്ടിയയിരുന്നു
അല്ലെങ്കിലും ,പാവം മണി കുട്ടി ആ തവളയെ എന്ത് ചെയ്യാനാ ?
എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് അവള്‍ ,നടത്തം മാറ്റി ഓട്ടമാക്കി .
വയറ്റില്‍ കത്തുന്നത് പോലെ ഉള്ള വേദന വിശപ്പാണ് എന്ന് തിരിച്ചറിവ് ആയി തുടങ്ങിയിട്ടില്ല
അവള്‍ക്കു എങ്കിലും ,മറ്റു കുട്ടികള്‍ എത്തുന്നതിനു മുന്‍പ് സ്കൂള്‍ വളപ്പിലെത്തിയാല്‍ ,സ്കൂള്‍ മുറ്റത്ത് വീണു കിടക്കുന്ന മധുര മുള്ള പഴുത്ത പുളികള്‍ പെറുക്കി തിന്നു ,വയറു നിറയെ വെള്ളം കുടിക്കുംപോളെക്കും അടങ്ങുന്ന വേദന .
അതിനാണ് അവള്‍ തിടുക്കപെട്ട് ഓടുന്നത് .കുഞ്ഞേട്ടന്‍ ഉള്ള ദിവസങ്ങളില്‍ അവള്‍ക്കു ഒന്നും പേടിക്കാനില്ല ,അവള്‍ക്കുള്ളത് കൂടി അവന്‍ പെറുക്കിയെടുത്തു സൂക്ഷിക്കും ,ഇന്ന് കുഞ്ഞേട്ടന്
പനി ആണ് .പാവം അച്ഛന്‍ വരുന്ന ദിവസങ്ങളുടെ പിറ്റേന്ന് ,മിക്കവാറും ദിവസങ്ങളില്‍ കുഞ്ഞേട്ടന് പനി വരുന്നത് ,എന്ത് കൊണ്ടാണോ ആവോ ?
അവനെ അങ്ങനെ കണ്ടിട്ടും അമ്മ പണിക്ക് പോയി ,വൈകുന്നേരം വരുമ്പോള്‍ ആശുപത്രിയില്‍ പോകാമെന്നു സമാധാനിപിച്ചു കൊണ്ട് .
പോയില്ലെങ്കില്‍ ആ മുതലാളി ,ഈ വര്‍ഷം പുര മേയാന്‍ ഉള്ള ഓലയും മറ്റും തരില്ല അത്രേ .അത് കൊണ്ടാണ് ഇന്നലത്തെ അച്ഛന്റെ അടി മുഴുവന്‍ കൊണ്ടിട്ടും തീരെ വയ്യെങ്കിലും അമ്മ പണിക്കു പോയത് .പാവം അമ്മയും കുഞ്ഞേട്ടനും...മണി കുട്ടി വലുതാവുമ്പോള്‍ പഠിച്ചു വലിയ മിടുക്കി ആയി അമ്മയേയും
കുഞ്ഞെട്ടനേയും പൊന്നുപോലെ നോക്കികൊള്ളാമെന്നു കുഞ്ഞേട്ടനെ സമാദാനിപ്പിചിട്ടാണ് താന്‍ പോന്നത് ഇന്ന് .
വന്നില്ലെങ്കില്‍ ഇന്ന് രാത്രി അമ്മ വരുന്നത് വരെ വയറ്റില്‍ കാളുന്ന വേദനയോടെ ഇരിക്കണം ,മണികുട്ടിയും ,കുഞ്ഞെട്ടനും
. സ്കൂളില്‍ വന്നാല്‍ ഉച്ചക്ക് കിട്ടുന്ന ഉപ്പു മാവിന്‍റെ ബലത്തില്‍ രാത്രി വരെ പിടിച്ചു നില്‍ക്കാം .
സമാദാനമായി ,ആരും വന്നിട്ടില്ല
സ്കൂളില്‍ ,അവള്‍ നിറയെ കാച്ചു നില്‍ക്കുന്ന മധുര പുളിയുടെ
ചോട്ടിലേക്ക് ആര്‍ത്തിയോടെ ഓടി ,
പക്ഷേ....അവിടെയെങ്ങും ഒരു പുളിപോലും കണ്ടില്ല
മണികുട്ടിക്കു വല്ലാതെ കരച്ചില്‍ വന്നു . ആരാണ് ഈ പുളിയൊക്കെ ഇത്ര വേഗം പെറുക്കി കൊണ്ട് പോയത് ? ഇനി ഉച്ച വരെ മണികുട്ടി വയറ്റിലെ കത്തുന്ന വേദന അടക്കാന്‍ എന്ത് ചെയ്യും ? ഇങ്ങനെയൊക്കെ ആണോ എല്ലാ പാവപെട്ട കുട്ടികളുടേയും അവസ്ത്ഥ ? ആര്‍ക്കറിയാം എന്‍റെ ദൈവമേ ....
അങ്ങിനേ ഒന്നും ആയിരിക്കരുതേ...എല്ലാവര്‍ക്കും സുലേഖയുടെ അച്ഛനെ പോലെ ദുബായ് കാരനായ ,സ്നേഹ മുള്ള അച്ഛനേയും,മിനുങ്ങുന്ന ഉടുപ്പുകളും ,കൊതിയൂറുന്ന മണമുള്ള ചോറും ,കറികളും ഒക്കെ കൊടുക്കണമേ ...എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ,കൊച്ചു മണികുട്ടി സ്കൂള്‍ തിണ്ണയില്‍ കാത്തിരിക്കുകയാണ് ,സുലേഖയുടെ വരവും കാത്തു .അപ്പോളും അവളുടെ ഇളം കൈകളില്‍ ,മുറുക്കിപിടിച്ച ചുക്കിച്ചുളിഞ്ഞ കടലാസ്സു പൊതിക്കുള്ളില്‍ അവളുടെ പ്രിയ പെട്ട കൂട്ടുകാരിക്ക് കാത്തുവച്ച ,കണ്ണി മാങ്ങകളും ,ഇലഞ്ഞി പൂക്കളും ഉണ്ടായിരുന്നു !!!